പൂന: മഹാരാഷ്ട്രയിൽ യുവ വ്യവസായി കേതൻ അഗർവാളിനെ കൊക്കയിലേക്കു തള്ളിയിട്ടു കൊന്ന കേസിൽ നിർണായക കണ്ടെത്തൽ. കേതനിൽ നിന്ന് ഒരു കോടി രൂപയോളം പ്രതിശ്രുത വധു സിയ ഗോയൽ കൈപ്പറ്റിയിരുന്നെന്ന് റിപ്പോർട്ട്. ഈ പണം സിയ കാമുകൻ ചേതൻ ചൗധരിക്ക് കൈമാറി. ഷോപ്പിംഗിനെന്നു പറഞ്ഞാണ് കേതനിൽനിന്ന് സിയ പണം വാങ്ങിയത്. ഈ പണം ബിസിനസ് മെച്ചപ്പെടുത്താനായാണ് ചേതൻ ഉപയോഗിച്ചത്. പണം കിട്ടിക്കഴിഞ്ഞാൽ മൂന്നുവർഷത്തിനുള്ളിൽ സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലെത്തുമെന്ന് ചേതൻ സിയയ്ക്ക് ഉറപ്പു നൽകിയിരുന്നു. കേതനെ കൊലപ്പെടുത്തിയ ശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞ് സിയയുടെ കുടുംബത്തെക്കണ്ട് വിവാഹക്കാര്യത്തിൽ സമ്മതം വാങ്ങാമെന്നായിരുന്നു ചേതന്റെ പദ്ധതി.
ഫെബ്രുവരിയിലാണ് കേതനുമായി സിയയുടെ വിവാഹം നിശ്ചയിച്ചത്. വിവാഹനിശ്ചയത്തിന് ആഴ്ചകൾക്കു മുൻപ് സിയയും ചേതനും ഉദയ്പുരിലേക്ക് ഉല്ലാസയാത്ര നടത്തിയിരുന്നതിന്റെ തെളിവുകൾ പോലീസിനു ലഭിച്ചു. അവിടെ വച്ചുതന്നെ ഇവർ കേതനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന തുടങ്ങിയിരുന്നോയെന്ന് പോലീസ് അന്വേഷിച്ചു വരുകയാണ്.
കേതനെ വിവാഹം കഴിക്കാൻ ആഗ്രഹമില്ലായിരുന്നെന്ന് ചോദ്യം ചെയ്യലിൽ സിയ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. കേതനെ കൊലപ്പെടുത്തി മൂന്നു വർഷത്തിനുശേഷം ചേതനെ വിവാഹം കഴിക്കാമെന്നായിരുന്നു സിയയുടെ കണക്കുകൂട്ടൽ.